ദൈവദാസൻ ബ്രദർ ഫോർത്തൂനാത്തൂസ് താൻഹോയ്സർ

ദൈവദാസൻ ബ്രദർ ഫോർത്തൂനാത്തൂസ് താൻഹോയ്സർ

ദൈവദാസൻ ബ്രദർ ഫോർത്തൂനാത്തൂസ് താൻഹോയ്സർ

കട്ടപ്പന: ദൈവ സ്നേഹത്തിന്റെ നീർച്ചാലായി ജർമനിയുടെ സമ്പന്നതയിൽ നിന്ന് ഹൈറേഞ്ചിന്റെ അരക്ഷിതാവസ്ഥകളിലേക്ക് കടന്നു വരുകയും രോഗികൾക്കും ആലംബഹീനർക്കും അത്താണിയായി തീരുകയും ചെയ്തുകൊണ്ട് മലയോര  ജനതയുടെ സമുദ്ധാരകനായി തീർന്ന മഹത്‌വ്യക്തിയാണ് ബ്രദർ ഫോർത്തൂനാത്തൂസ് താൻഹോയ്സർ. പശ്ചിമ ജർമനിയിലെ ബർലിൻ നഗരത്തിൽ 1918 ഫെബ്രുവരി 27 ന് ഫോറസ്റ്റ് ഓഫീസറായ ഏവാൾഡ് തൻഹോയ്സറിന്റെയും സത്ഗുണസമ്പന്നയായ മരിയായുടെയും സീമന്ത പുത്രനായി അദ്ദേഹം ജനിച്ചു. 1935 മെയ് 27 ന് ബ്രെസ്ലൗ എന്ന സ്ഥലത്തെ ഹോസ്പിറ്റലർ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സന്യാസ സമൂഹത്തിൽ അംഗമായി ചേർന്നു.  ചെറുപ്പത്തിൽതന്നെ ആർഷ ഭാരതത്തെക്കുറിച്ചും ഗാന്ധിജിയെക്കുറിച്ചും അറിയുവാൻ ഇടയായ അദ്ദേഹത്തിന്റെ മനസ്സിൽ ഭാരത ജനതയ്ക്കായി ഒരു മിഷനറി ആവുക എന്ന സ്വപ്നം ഉയർന്നു വന്നു. 1969 ൽ ദൈവഹിത പ്രകാരം അദ്ദേഹം ഹൈറേഞ്ചിലെ കട്ടപ്പനയിലെത്തി. ജനങ്ങളുടെ ആവശ്യം മനസ്സിലാക്കിക്കൊണ്ട് ആശുപത്രിയും ആരുമില്ലാത്തവർക്കായി അഗതിമന്ദിരവും അദ്ദേഹം സ്ഥാപിച്ചു. ഭവനരഹിതർക്കു വീടുകൾ വച്ച് കൊടുത്തും കുടിവെള്ളത്തിനായി കിണറുകൾ നിർമ്മിച്ചും കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കിയും വിശക്കുന്നവർക്കു ഭക്ഷണം നൽകിയും മലയോരത്തിന്റെ അതിശൈത്യത്തെ അതിജീവിക്കുവാൻ കമ്പിളിപ്പുതപ്പും മറ്റു വസ്ത്രങ്ങളും പ്രദാനം ചെയ്‌തും ഭവന സന്ദർശനങ്ങളിലൂടെ കുടുംബങ്ങൾക്ക്  ആശ്വാസമായും കുട്ടികൾക്കും അമ്മമാർക്കും ആരോഗ്യ സംരക്ഷണം നൽകിയും രോഗികൾക്ക് ആവശ്യകമായ മരുന്നുകൾ വിതരണം ചെയ്‌തും ദൈവദാസൻ ഏവർക്കും നല്ല സമരിയക്കാരനായി.

ദൈവഹിതത്തിനു കാതോർത്തുകൊണ്ട്, രോഗികൾക്കും ആവശ്യത്തിലിരിക്കുന്നവർക്കും ശുശ്രുഷ നൽകുവാൻ അദ്ദേഹം 1977 ൽ   സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസിനി സമൂഹത്തിന് രൂപം നൽകി. വിശുദ്ധ കുർബാനയിൽ ഈശോയുടെ സാന്നിധ്യം നാം അനുഭവിച്ചറിയുന്നതുപോലെ തന്നെ സന്യാസഭവനത്തിന്റെ മതികെട്ടിനപ്പുറത്തുള്ള മനുഷ്യരുടെ വേദനകളും നെടുവീർപ്പുകളും സ്വന്തമാക്കി അവരെ ഈശോയായി കണ്ടുകൊണ്ട്‌ സ്നേഹിക്കുകയും ശുശ്രുഷിക്കുകയും ചെയൂന്നതിലൂടെ സ്വർഗീയ മധ്യസ്ഥനായ സെന്റ് ജോൺ ഓഫ് ഗോഡിന്റെയും സ്ഥാപക പിതാവായ ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെയും ജീവിത മാതൃകയിൽ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് എന്ന സന്യാസിനി സമൂഹം വളർന്നുവരുന്നു. "എന്റെ ഈ ചെറിയവരിൽ ഒരുവന് ചെയ്തപ്പോൾ എനിക്കുതന്നെയാണ് ചെയ്തത് " (മത്തായി 25 : 40) എന്ന ഈശോയുടെ വചസുകൾ ജീവിതത്തിലുടനീളം അന്വർത്ഥമാക്കിയ ദൈവദാസൻ 2005 നവംബർ 21 ന് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു. 2014 നവംബർ 22 ന് ദൈവദാസ പദവിയിലേക്ക് അദ്ദേഹം ഉയർത്തപ്പെട്ടു.