തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം

തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം

തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം

തലശ്ശേരി: ആറളം വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള ആനപ്രതിരോധമതില്‍ നിര്‍മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണമെന്നും മതില്‍ വനാതിര്‍ത്തിയായി കണക്കാക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യപ്പെട്ടു. തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന സര്‍വകക്ഷി യോഗമാണ് ഈ ആവശ്യമുന്നയിച്ചത്. യാതൊരു കാരണവശാലും ജനവാസകേന്ദ്രങ്ങള്‍ വനഭൂമിയാക്കാന്‍ അനുവദിക്കില്ലെന്ന് യോഗം വ്യക്തമാക്കി.

വന്യജീവി സങ്കേതത്തിന് ചുറ്റുമായി 10.136 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പരിസ്ഥിതിലോല മേഖലയാക്കുന്നതിനുള്ള കരട് വിജ്ഞാപനത്തിനെതിരേ ആറളം, കേളകം പഞ്ചായത്തുകള്‍ സമര്‍പ്പിച്ച ബദല്‍ നിര്‍ദേശം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം തള്ളിയ സാഹചര്യത്തിലാണ് അതിരൂപതയുടെ നേതൃത്വത്തില്‍  സര്‍വകക്ഷിയോഗം ചേര്‍ന്നത്.

എടൂര്‍ സെന്‍റ് മേരീസ് ഫൊറോന പള്ളി പാരിഷ് ഹാളില്‍ നടന്ന യോഗം തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. കര്‍ഷകരെ ദ്രോഹിക്കുന്ന ഒരു തീരുമാനവുമുണ്ടാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ വിശ്വസിക്കുന്നതായും വിഷയത്തിന്‍റെ ഗൗരവം വീണ്ടുമൊരിക്കല്‍ക്കൂടി മുഖ്യ മന്ത്രിയെ നേരില്‍ക്കണ്ട് ബോധ്യപ്പെടുത്തുമെന്നും പിതാവ് പറഞ്ഞു.

കര്‍ഷകരുടെ നിലനില്‍പ്പിനെ ബാധിക്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തണം.  ഇതിനായി സംസ്ഥാനത്തെ എം പി മാരുടെ സഹായം തേടണമെന്നും യോഗം ആവശ്യപ്പെട്ടു. ബഫര്‍ സോണിന്‍റെ പേരും പറഞ്ഞ് ജനവാസ മേഖലകളിലേക്കുള്ള കടന്നുകയറ്റം അനുവദിക്കില്ലെന്നും യോഗം മുന്നറിയിപ്പു നല്‍കി.

പുതുതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയായി ചുമത ലയേറ്റ ഭൂപേന്ദര്‍ യാദവിനെ കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ ശ്രമിക്കുമെന്ന് ജനപ്രതിനിധികള്‍ പറഞ്ഞു. സണ്ണി ജോസഫ് എംഎല്‍എ അധ്യക്ഷത വഹിച്ചു.

എടൂര്‍ സെന്‍റ് മേരീസ് ഫൊറോന വികാരി ഫാ. ആന്‍റണി മുതുകുന്നേല്‍ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിനോയ് കുര്യന്‍, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ. വേലായുധന്‍, ആറളം പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. രാജേഷ്, നെല്ലിക്കാംപൊയില്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് ഫൊറോന വികാരിയും ഇന്‍ഫാം സംസ്ഥാന ചെയര്‍മാനു മായ ഫാ. ജോസഫ് കാവനാടി, തലശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍, ആറളം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസിമോള്‍, പഞ്ചായത്തംഗം ജോര്‍ജ് ആലാംപള്ളില്‍, ഉത്തരമല ബാര്‍ കര്‍ഷക പ്രക്ഷോഭം എടൂര്‍ ഫൊറോന കണ്‍വീനര്‍ മാത്തുക്കുട്ടി പന്തപ്ലാക്കല്‍, ഫൊറോന കോ-ഓര്‍ഡിനേറ്റര്‍ പി.വി.ബാബു, ഇന്‍ഫാം ഫൊറോന പ്രസിഡന്‍റ് ബെന്നിച്ചന്‍ മഠത്തിനകം, മാങ്ങോട് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ മുട്ടത്തുപാറ, കീഴ്പള്ളി ഇടവക വികാരി ഫാ. ജോസ് പൂവന്നിക്കുന്നേല്‍, ചെടിക്കുളം ഇടവക വികാരി ഫാ. ജെയിംസ് മൂന്നാനപ്പള്ളി, ജോഷി പൂവത്തോലില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.