ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കൗണ്‍സിലിംഗ് ആന്‍ഡ്  സൈക്കോതെറാപ്പിക്ക്  ഇനി സ്വന്തം കെട്ടിടം

ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്  ഓഫ് കൗണ്‍സിലിംഗ് ആന്‍ഡ്  സൈക്കോതെറാപ്പിക്ക്  ഇനി സ്വന്തം കെട്ടിടം

താമരശ്ശേരി: താമരശ്ശേരി രൂപതയ്ക്ക് കീഴില്‍ കോഴിക്കോട് മേരിക്കുന്ന് ആസ്ഥാനമായി ആരംഭിച്ച ജോണ്‍പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സിലിംഗ് ആന്‍ഡ് സൈക്കോതെറാപ്പി സ്വന്തം കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു. താമരശ്ശേരി രൂപതാദ്ധ്യക്ഷന്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പുതിയ ഓഫീസിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. കുര്യന്‍ പുരമഠത്തില്‍ അച്ചന്‍റെ നേതൃത്വത്തില്‍ കൗണ്‍സിലിംഗ് സെന്‍ററിലെ അധ്യാപകരും കൗണ്‍സിലിംഗ് വിദഗ്ധനും നല്‍കുന്ന ശ്രദ്ധ ഇനിയും അനേകര്‍ക്ക് കരുത്തും സഹായവുമായി തീരട്ടെ എന്ന് ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ ഉദ്ഘാടനവേളയില്‍ പറഞ്ഞു.

ദിവംഗതനായ ചിറ്റിലപ്പള്ളി പിതാവിന്‍റെ ആശീര്‍ വാദത്തോടെ താമരശ്ശേരി രൂപത പാസ്റ്റര്‍ സെന്‍ററില്‍ ആരംഭിച്ച പോപ്പ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് സ്വന്തമായൊരു കെട്ടിടം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമായത്. മേരിക്കുന്ന് കരുണാഭവന് സമീപം മൂന്ന് നിലകളിലായി ഒരുങ്ങുന്ന കെട്ടിടത്തിന്‍റെ ആദ്യ നിലയുടെ പണികള്‍ പൂര്‍ത്തിയായി.

കൗണ്‍സിലിംഗ് മേഖലയില്‍ പ്രതിഭാധനരായ അനേകം യുവജനങ്ങളെ പരിശീലിപ്പിച്ച സ്ഥാപനമാണ് ജോണ്‍ പോള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കൗണ്‍സില്‍ ആന്‍ഡ് സൈക്കോതെറാപ്പി. ആയിരത്തോളം വിദ്യാര്‍ഥികള്‍ വിവിധ കോഴ്സുകളിലായി ഇവിടെ നിന്നും പഠനം പൂര്‍ത്തിയാക്കി. നിരവധി പേര്‍ക്ക് ഇവിടെ നിന്നും കൗണ്‍സിലിംഗും നല്‍കിയിട്ടുണ്ട്. 

മാനസികാരോഗ്യം പരിപോഷിപ്പിക്കുന്നതിനും കൗണ്‍സിലിംഗ് രംഗത്തേക്ക് പുതിയ തലമുറയെ വാര്‍ത്തെടുക്കുന്നതിനുമായാണ് മേരിക്കുന്ന് ആസ്ഥാനമായി ഈ സ്ഥാപനത്തിന് രൂപത തുടക്കമിട്ടത്.