ജീവൻ പകുത്തു നൽകിയ സഹോദര സ്നേഹം - പ്രചോദനമായത് വൈദികന്റെ പ്രസംഗം

ജീവൻ പകുത്തു നൽകിയ സഹോദര സ്നേഹം - പ്രചോദനമായത് വൈദികന്റെ പ്രസംഗം

ജീവൻ പകുത്തു നൽകിയ സഹോദര സ്നേഹം - പ്രചോദനമായത് വൈദികന്റെ  പ്രസംഗം

താമരശ്ശേരി: കുർബാന മധ്യേ വൈദികൻ നടത്തിയ പ്രസംഗം മരുതോങ്കര സ്വദേശി ജസ്റ്റിൻ ജോസ് വള്ളിക്കുന്നേലിന് ദൈവിക വെളിപാടായി മാറി. സ്വന്തം സഹോദരനു വേണ്ടി ജീവൻ പകുത്തു നൽകാനുള്ള തീരുമാനമാണ് ഫാ. അബ്രഹാം സ്രാമ്പിക്കലിൻ്റെ വാക്കുകൾ ജസ്റ്റിൻ്റെ മനസിലുണ്ടാക്കിയത്. ഒരു ഞായറാഴ്ച ചേവായൂർ നിത്യസഹായ മാതാ ദേവാലയത്തിൽ കുർബാനയിൽ പങ്കുകൊള്ളുന്നതിനിടെയാണ് ജസ്റ്റിനും ഭാര്യ രേഷ്മയും ദൈവഹിതം തിരിച്ചറിഞ്ഞത്. 

ജസ്റ്റിൻ്റെ സഹോദരൻ നോബിൾ 4 വർഷത്തോളമായി വൃക്ക രോഗത്തിന് ചികിത്സയിലായിരുന്നു. ആറു മാസം മുമ്പ് ഡയാലിസിസ് തുടങ്ങിയപ്പോൾ വിദേശത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി ചികിത്സ തുടർന്നു. രോഗം കൂടിയതോടെ ജീവൻ രക്ഷിക്കാനുള്ള ഏക മാർഗം വൃക്ക മാറ്റിവെക്കൽ മാത്രമായി. വൃക്ക ദാതാവിനായി കുടുംബാംഗങ്ങൾ അന്വേഷണവും തുടങ്ങി. ഇതിനിടെ അനിയന് വൃക്ക ദാനം ചെയ്യാൻ താൻ തയ്യാറാണെന്ന് ജസ്റ്റിൻ അറിയിച്ചു. എന്നാൽ സർജറിക്കു ശേഷം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, അതിനാൽ നന്നായി ആലോചിച്ച് മാത്രമേ തീരുമാനം എടുക്കാവൂ എന്ന് കുടുംബാംഗങ്ങളും ബന്ധുക്കളും മുന്നറിയിപ്പ് നൽകി. മറ്റൊരു ദാതാവിനായി അവർ അന്വേഷണം തുടരുകയും ചെയ്തു. 

ഇതിനിടെയാണ് ചേവായൂർ പള്ളിയിൽ വെച്ച് ജസ്റ്റിനും ഭാര്യ രേഷ്മയും ഫാ. അബ്രഹാമിൻ്റെ പ്രസംഗം കേൾക്കുന്നത്. "നീ മറ്റുള്ളവർക്ക് എന്തു ചെയ്തു എന്നതിനൊപ്പം, നിൻ്റെ സ്വന്തം സഹോദരന് നീ എന്തു ചെയ്തു എന്നുള്ളതും ദൈവ തിരുമുമ്പിൽ കണക്കു ബോധിപ്പിക്കേണ്ട കാര്യമാണ് " എന്ന വാക്കുകൾ തങ്ങൾക്കുള്ള ദൈവിക വെളിപാടായി അവർ സ്വീകരിക്കുകയായിരുന്നു. 

പിന്നീട് വീട്ടുകാരുടെയും ബന്ധുക്കളുടെയും സമ്മതത്തോടെ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. നിയമപരമായ നടപടികൾ പൂർത്തിയാക്കി ജസ്റ്റിനും നോബിളും ആശുപത്രിയിൽ അഡ്മിറ്റായി. ജൂലൈ രണ്ടാം വാരത്തിൽ സർജറി വിജയകരമായി നടന്നു. പൂർണ ആരോഗ്യത്തോടെ പുഞ്ചിരിക്കുന്ന സഹോദരനെ കണ്ടപ്പോൾ ജീവിതത്തിന് കൂടുതൽ അർത്ഥം കൈവന്നതായി ജസ്റ്റിൻ പ്രതികരിച്ചു. ഇതിന് പൂർണ പിന്തുണ നൽകി തനിക്കൊപ്പം നിന്നത് ജീവിത പങ്കാളിയായ രേഷ്മയാണെന്നും ജസ്റ്റിൻ പറഞ്ഞു.

ഈ പുതു ജന്മത്തിന് ദൈവത്തോടെന്ന പോലെ സഹോദരനോടും താൻ കടപ്പെട്ടിരിക്കുന്നു എന്നായിരുന്നു നോബിളിൻ്റെ വാക്കുകൾ. മരുതോങ്കര വള്ളിക്കുന്നേൽ ജോസ് - അന്നമ്മ ദമ്പതികളുടെ മക്കളാണ് ജസ്റ്റിനും നോബിളും. താമരശ്ശേരി കോർപ്പറേറ്റിന് കീഴിലുള്ള കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻ്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനാണ് ജസ്റ്റിൻ. ഭാര്യ രേഷ്മ കോഴിക്കോട് ഭാരതീയ വിദ്യാഭവൻ സ്കൂളിൽ അധ്യാപികയാണ്. ഈസ്റ്റ് ഫാത്തിമ മാതാ ഇടവകാംഗങ്ങളാണ് ജസ്റ്റിനും നോബിളും.