ഗ്രേറ്റ് ബ്രിട്ടനില്‍ സുവിശേഷവത്കരണ മഹാസംഗമം

ഗ്രേറ്റ് ബ്രിട്ടനില്‍ സുവിശേഷവത്കരണ മഹാസംഗമം

പ്രിസ്റ്റണ്‍: രൂപതയിലെ സുവിശേഷവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സുവിശേഷവത്കരണ മഹാസംഗമം ഒരുക്കി ഗ്രേറ്റ് ബ്രിട്ടണ്‍ സീറോമലബാര്‍ രൂപത. 

തിരുവചനം ശ്രവിക്കാനും, സ്വീകരിക്കാനും, ജീവിക്കാനും, പ്രഘോഷിക്കാനും രൂപതാംഗങ്ങളെ കൂടുതല്‍ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ഈ മാസം 27ന് (27-02-2021) സംഘടിപ്പിക്കുന്ന സംഗമത്തിന് സുവിശേഷത്തിന്‍റെ ആനന്ദംچ എന്നാണ് പേരിട്ടിരിക്കുന്നത്. ലോക മാസകലം വ്യാപിച്ചിരിക്കുന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ ആണ് സംഗമം ക്രമീകരിച്ചിരിക്കുന്നത്. സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യുന്ന സംഗമം, ഉച്ചതിരിഞ്ഞ് 1.30 മുതല്‍ 5.00 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തില്‍ സുവിശേഷവത്കരണത്തില്‍ വിശ്വാസികള്‍ക്കുള്ള പങ്കിനെക്കുറിച്ചും സുവിശേഷം പകരാനുള്ള സമകാലിക മാര്‍ഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിക്കും. 

പ്രമുഖര്‍ നയിക്കുന്ന വചനശുശ്രൂഷയാണ് സംഗമത്തിന്‍റെ മാറ്റ് കൂട്ടുന്ന സുപ്രധാനഘടകം. പ്രമുഖ വചന പ്രഘോഷകരായ ഫാ. ജോര്‍ജ് പനയ്ക്കല്‍ വി.സി., ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍, ഫാ. ഡൊമനിക് വാളന്മനാല്‍, ഫാ. ഡാനിയല്‍ പൂവണ്ണത്തില്‍, ഫാ. മാത്യു വയലാമണ്ണില്‍ സി.എസ്.ടി., സി. ആന്‍ മരിയ എസ്.എച്ച്., ഷെവലിയര്‍ ബെന്നി പുന്നത്തറ, തോമസ് പോള്‍, സാബു ആറുതൊട്ടി, ഡോ. ജോണ്‍ ഡി., സന്തോഷ് കരുമത്ര, മനോജ് സണ്ണി, സെബാസ്റ്റ്യന്‍ താന്നിക്കല്‍, റെജി കൊട്ടാരം, സന്തോഷ് ടി., സജിത്ത് ജോസഫ്, ജോസഫ് സ്റ്റാന്‍ലി, പ്രിന്‍സ് വിതയത്തില്‍, പ്രിന്‍സ് സെബാസ്റ്റ്യന്‍ എന്നിവര്‍ വചനം പങ്കുവെച്ചു സംസാരിക്കും. 

പ്രോട്ടോസിഞ്ചലൂസ് മോണ്‍. ഡോ. ആന്‍റണി ചുണ്ടേലി ക്കാട്ട് മോഡറേറ്ററും സിഞ്ചലൂസ് മോണ്‍. ജോര്‍ജ് ചേലയ്ക്കല്‍ സ്വാഗതവും രൂപതാ സുവിശേഷവത്കരണ കമ്മീഷന്‍ കോര്‍ഡിനേറ്റര്‍ ഡോ. ജോസി മാത്യു കൃതജ്ഞതയും പ്രകാശിപ്പിക്കും. 

രൂപതയുടെ സുവിശേഷവത്ക്കരണ ശുശ്രൂഷകളെ ത്വരിതപ്പെടുത്താന്‍ ഒരോ ഇടവകയില്‍നിന്നും മിഷന്‍ സെന്‍ററുകളില്‍നിന്നും നാല് അല്‍മായ പ്രതിനിധികളെവീതം തിരഞ്ഞെടുക്കണമെന്നും സര്‍ക്കുലറിലൂടെ മാര്‍ സ്രാമ്പിക്കല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.