കോവിഡ് ബാധിതർക്ക് സഹായഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയും 

കോവിഡ് ബാധിതർക്ക് സഹായഹസ്തവുമായി ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയും 

ബിർമിംഗ്ഹാം: അദിലാബാദ്‌ രൂപതയുടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയും പങ്കാളിയാകുന്നു. കോവിഡ് ഉയർത്തുന്ന നിരവധിയായ പ്രശ്നങ്ങൾ മൂലം നാട്ടിൽ വിഷമമനുഭവിക്കുന്ന സഹോദരങ്ങളെ സാമ്പത്തികമായി സഹായിക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് രൂപത ഈ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഭക്ഷണം, മരുന്ന്, ചികിത്സ തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കായി  ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്ന അദിലാബാദ്‌ രൂപതയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണയും സഹായവയും വാഗ്ദാനം ചെയ്യുന്നതായും രൂപത കേന്ദ്രത്തിൽ നിന്നും അറിയിച്ചു.

ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ നിന്നും ജൂൺ മാസത്തിലെ ഒരു ഞായറാഴ്ച വിശ്വാസികൾ നൽകുന്ന സ്തോത്രകാഴ്ച ഈ ആവശ്യത്തിനായി മാറ്റിവയ്ക്കുമെന്ന് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അറിയിച്ചു. മാതൃരാജ്യത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുവാൻ രൂപത നടത്തുന്ന ശ്രമങ്ങളെ പിന്തുണക്കുവാനും ആശ്രയമറ്റവരെ സഹായിക്കുവാനുള്ള ദൈവിക പദ്ധതിയിൽ പങ്കാളികളാകുവാനും എല്ലാ വിശ്വാസികളെയും ആഹ്വാനം ചെയ്യുന്നതായും പിതാവ് അറിയിച്ചു.