കോവിഡിനെ നേരിടാന്‍ മാണ്ഡ്യ രൂപതയില്‍ സമഗ്ര കര്‍മ്മപദ്ധതികള്‍ 

കോവിഡിനെ നേരിടാന്‍ മാണ്ഡ്യ രൂപതയില്‍ സമഗ്ര കര്‍മ്മപദ്ധതികള്‍ 

മണ്ഡ്യ: കോവിഡിന്‍റെ രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്ന മണ്ഡ്യരൂപതയുടെ ബാംഗ്ലൂര്‍, മൈസൂര്‍, മണ്ഡ്യ, ഹാസന്‍ മേഖലകളില്‍ കോവിഡിനെ നേരിടാന്‍ പ്രത്യേക കര്‍മ്മസമിതികള്‍ പ്രവര്‍ത്തനമാരംഭിച്ചു. ഇടവകതലത്തില്‍ രൂപീകൃതമായിരിക്കുന്ന കോവിഡ് സമിതികള്‍ അതത് ഇടവകകളിലുള്ളവരുടെ ക്വാറന്‍റീന്‍, മരുന്ന്, ആശുപത്രി ലഭ്യത, പാകം ചെയ്ത ഭക്ഷണം, ഭക്ഷണസാധനങ്ങളടങ്ങിയ കിറ്റുകള്‍ എന്നീ സേവനങ്ങള്‍ കോവിഡ് ബാധിതര്‍ക്ക് ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. രൂപതയിലെ മിക്കവാറും എല്ലാ ഇടവകകളും സ്വന്തമായി ഓക്സിജന്‍ സിലിണ്ടറുകള്‍ വാങ്ങിയിട്ടുണ്ട്. ഈ സിലിണ്ടറുകള്‍ ആവശ്യാനുസരണം മറ്റു ഇടവകകളുമായി പങ്കുവെക്കുകയും ചെയ്യുന്നു. ബുദ്ധിമുട്ടുള്ള ഇടവകകള്‍ക്ക് രൂപതാ കോവിഡ് സമിതിയുടെ ഓക്സിജന്‍ ശേഖരത്തില്‍ നിന്ന് സിലിണ്ടറുകള്‍ ലഭ്യമാക്കുന്നുമുണ്ട്. 

രൂപതയുടെ ധര്‍മ്മാരാം, ജാലഹള്ളി മേഖലകളിലുള്ള ആംബുലന്‍സുകള്‍ക്ക് പുറമേ മിക്കവാറും എല്ലാ ഇടവകകളിലും രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്നതിനും ഓക്സിജന്‍ എത്തിക്കുന്നതിനുമായി പ്രത്യേക വാഹനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മാനസികമായി സപ്പോര്‍ട്ട് ആവശ്യമുള്ളവര്‍ക്കായി പ്രയര്‍ ആന്‍ഡ് കൗണ്‍സിലിംഗ് ടീം സദാ സജ്ജമാണ്. എല്ലാ പള്ളികളിലും സൗജന്യ വാക്സിനേഷന്‍ ക്യാമ്പുകള്‍ നടത്തുകയും തുടര്‍ വാക്സിനേഷനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇടവകകളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടുള്ള കുടുംബങ്ങളെ സഹായിക്കാന്‍ കോവിഡ് കവച് ഇന്‍ഷുറന്‍സ് പോളിസികള്‍ ഇടവകതലത്തില്‍ സൗജന്യമായി നടപ്പിലാക്കി വരുന്നു. ഏതാണ്ട് എല്ലാ ഇടവകകളിലും കോവിഡ് ബാധിതര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സൗജന്യമായി ഭക്ഷണം സഹിതം താമസിക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയുള്ള സെന്‍ററുകളില്‍ ഓക്സിജന്‍ ലഭ്യത ഉറപ്പു വരുത്തിയിട്ടുമുണ്ട്. 

രോഗം കൂടുതലാകുന്ന സാഹചര്യങ്ങളില്‍ ഹോസ്പിറ്റല്‍ അഡ്മിഷന്‍ ശരിയാക്കാന്‍ സഹായിക്കുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രൂപതാ തലത്തിലുള്ള സര്‍വീസ് ടീം പ്രവര്‍ത്തനനിരതമാണ്.ആശുപത്രികളിലേക്കും നാട്ടിലേക്കും രോഗബാധിതരെ കൊണ്ടുപോകാന്‍ ബാംഗ്ലൂരിലെ ആംബുലന്‍സ് സര്‍വ്വീസുകള്‍ കൊള്ളനിരക്ക് ഈടാക്കി ചൂഷണം ചെയ്യുന്ന പശ്ചാത്തലത്തില്‍ രൂപതാംഗങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ഈ സേവനം ലഭ്യമാക്കാന്‍ മണ്ഡ്യരൂപത പുതിയ ആംബുലന്‍സ് സര്‍വ്വീസിന് തുടക്കമിടാനുള്ള ശ്രമങ്ങളിലാണ്. 

കോവിഡ് സാഹചര്യങ്ങളെ കൂടുതല്‍ ഫലപ്രദമായി നേരിടുന്നതിന്‍റെ ഭാഗമായി രൂപതയില്‍ പ്രവര്‍ത്തിക്കുന്ന എംഎസ്എഫ്എസ്, കമില്ലസ്, ക്ലരീഷ്യന്‍, ഈശോ സഭാംഗങ്ങളുമായി ചേര്‍ന്ന് ചില പ്രധാന ദൗത്യങ്ങള്‍ക്ക് തുടക്കം കുറിച്ചു.

എംഎസ്എഫ്എസ് സഭാംഗങ്ങളുമായി സഹകരിച്ച് കോവിഡ് കെയര്‍ സെന്‍ററുകള്‍ ഒരുക്കാനും പിപിഇ കിറ്റ്, മാസ്കുകള്‍, ഭക്ഷണപ്പൊതി, ഭക്ഷ്യവസ്തുക്കളുടെ കിറ്റുകള്‍ മുതലായവ സൗജന്യമായി വിതരണം ചെയ്യാനും സ്ക്കൂള്‍ ബസുകള്‍ ആംബുലന്‍സുകളായി ഉപയോഗിക്കാനും തീരുമാനിച്ചു. കൂടാതെ കോവിഡ് മൂലം അനാഥരായിപ്പോയ കുഞ്ഞുങ്ങളെ ദത്തെടുത്ത് സഭയുടെ ബോയ്സ് ഹോമുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പഠിപ്പിക്കും.

കമില്ലസ് സഭാംഗങ്ങള്‍ പിപിഇ കിറ്റ്, മാസ്ക്, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍, ഭക്ഷ്യസാധനങ്ങളുടെ കിറ്റുകള്‍, മൃതദേഹം സംസ്ക്കരിക്കുന്നതിനുള്ള പെട്ടികള്‍ എന്നിവ ലഭ്യമാക്കും. കമില്ലസ് സഭയിലെ അലോപ്പതി ഡോക്ടര്‍മാര്‍ ചികിത്സക്കും കൗണ്‍സിലിംഗിനും വോളന്‍റിയേഴ്സിനെ പരിശീലിപ്പിക്കുന്നതിനും സദാ സന്നദ്ധരാണ്.

ക്ലരീഷ്യന്‍ സഭാംഗമായ ബഹുമാനപ്പെട്ട ജോര്‍ജ്ജ് കണ്ണന്താനത്തച്ചന്‍ നേതൃത്വം നല്‍കുന്ന പ്രൊജക്ട് വിഷന്‍റെ സഹായത്തോടെ ആംബുലന്‍സ് സര്‍വ്വീസ്, ഭക്ഷണ വിതരണം, ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററുകളുടെ ലഭ്യത എന്നിവ ഉറപ്പു വരുത്തി. ബാംഗ്ലൂരില്‍ ഡോണ്‍ ബോസ്കോ ബില്‍ഡിംഗില്‍ തുടങ്ങിയിട്ടുള്ള കോവിഡ് കെയര്‍ സെന്‍ററില്‍ മണ്ഡ്യ രൂപതാംഗങ്ങള്‍ക്ക് പ്രവേശനവും ശുശ്രൂഷയും ലഭ്യമായിരിക്കും. ലോക്ഡൗണ്‍ മൂലം ഒറ്റപ്പെട്ടുപോയ ഹെബ്ബേപുര മിഷന്‍ സെന്‍ററില്‍ നിരാലംബര്‍ക്ക് ഭക്ഷണവും ചികിത്സയും ലഭ്യമാക്കുന്നതിനായി ഈശോസഭ രൂപതയ്ക്ക് രണ്ടര ലക്ഷം രൂപനല്‍കി.

യുദ്ധസമാനമായ ഈ സാഹചര്യത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പിതാവിന്‍റെ നേതൃത്വത്തില്‍ രൂപതയുടെ സര്‍വ്വസന്നാഹങ്ങളും വൈദികരും സന്യസ്തരും അല്‍മായ സഹോദരങ്ങളും ഇടവക-രൂപതാ തലങ്ങളില്‍ ഒറ്റക്കെട്ടായി പരസ്പരം സഹകരിച്ച് പ്രവര്‍ത്തിച്ചു വരുന്നു. ലഭിക്കുന്ന എല്ലാ സഹായാഭ്യര്‍ത്ഥനകള്‍ക്കും പരിഹാരം കാണാന്‍  പരിശ്രമിക്കുന്നു. സര്‍ക്കാരിന്‍റെ സംവിധാനങ്ങള്‍ക്ക് പരിമിതികള്‍ ഏറെയുള്ളതുകൊണ്ട് പ്രവാസികളായ രൂപതാംഗങ്ങള്‍ക്ക് താങ്ങും തണലുമാവാന്‍ രൂപതാംഗങ്ങള്‍ മാത്രമേയുള്ളൂ എന്ന തിരിച്ചറിവില്‍ നിന്നാണ് ഈ ഉദ്യമങ്ങളുടെയെല്ലാം ആരംഭം. പ്രവാസ ജീവിതത്തിന്‍റെ പ്രാരാബ്ദങ്ങള്‍ക്കിടയിലും പള്ളികളും വിശ്വാസക്കൂട്ടായ്മകളും പടുത്തുയര്‍ത്താന്‍ ചോര നീരാക്കിയ ജനതയോടൊപ്പം ഈ പ്രതിസന്ധി ഘട്ടത്തില്‍ രൂപതയും നിലയുറപ്പിക്കുന്നു. സഹായിക്കാന്‍ ആരുമില്ലാത്തതിന്‍റെ പേരില്‍ രൂപതയിലെ ഒരു വ്യക്തി പോലും ഭക്ഷണം കിട്ടാതെയും ചികിത്സ കിട്ടാതെയും ബുദ്ധിമുട്ടരുതെന്ന ദൃഢനിശ്ചയത്തില്‍, ദൈവത്തിലാശ്രയിച്ച് വിവിധ കര്‍മ്മപദ്ധതികളുമായി മണ്ഡ്യ രൂപത മുന്നോട്ട് നീങ്ങുന്നു.