കോവിഡ് പ്രതിരോധത്തിന്  'ഫോര്‍ ദ പീപ്പിള്‍' പ്രൊജക്റ്റുമായി  പാലക്കാട് രൂപത 

കോവിഡ് പ്രതിരോധത്തിന്  'ഫോര്‍ ദ പീപ്പിള്‍' പ്രൊജക്റ്റുമായി  പാലക്കാട് രൂപത 

പാലക്കാട്: രൂപതാ സാമൂഹ്യ സേവന വിഭാഗമായ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റി പാലക്കാടിന്‍റെ  (PSSP) നേതൃത്വത്തില്‍ കോവിഡ് മഹാമാരിയെ മറികടക്കാനും ജനങ്ങള്‍ക്ക് സ്വാന്തനമേകാനും ഫോര്‍ ദ പീപ്പിള്‍ പ്രൊജക്റ്റ് നടപ്പിലാക്കുന്നു. രൂപതയിലെ വൈദികര്‍, സന്യസ്തര്‍, ആത്മീയ ശുശ്രൂഷാ മേഖലയിലുള്ളവര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ മേഖലയിലെ വിദഗ്ദര്‍ എന്നിവരെ ഒന്നിച്ചു ചേര്‍ത്തു കൊണ്ടാണ് പി.എസ്.എസ്.പി യുടെ കീഴില്‍ പദ്ധതി നടപ്പിലാക്കുന്നത്. രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായ മെത്രാന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ എന്നിവരുടെ നിര്‍ദ്ദേശാനുസരണമാണ് പ്രൊജക്റ്റിനു രൂപം നല്‍കിയത്. 

രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നവര്‍ക്ക് വിദഗ്ദരായ ഡോക്ടേഴ്സിന്‍റെ സേവനം ലഭ്യമാക്കുന്ന ടെലി-മെഡിക്കല്‍ കണ്‍സള്‍റ്റേഷന്‍, മാനസിക സംഘര്‍ഷങ്ങളില്‍ വിമുക്തി നല്‍കുന്നതിന് മാനസികാരോഗ്യ വിദഗ്ദരുടെ സഹായം ലഭ്യമാക്കുന്ന ടെലി-സൈക്കോളജിക്കല്‍ കൗണ്‍സലിംഗ്, കോവിഡ് ബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ആത്മീയ ഉണര്‍വ് നല്‍കുന്നതിന് ആത്മീയ ശുശ്രൂഷകരുടെ നേതൃത്വത്തില്‍ ടെലി-സ്പിരിച്വല്‍ കൗണ്‍സലിംഗ് എന്നിവ നടപ്പിലാക്കുന്നു. എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ 5 മണി വരെയാണ് ഈ സേവനം ലഭ്യമാകുന്നത്. കോവിഡ് ബാധിച്ചു മരിച്ചവരെ സംസ്കരിക്കുന്നതിന് 'പാലക്കാട് സമരിറ്റന്‍സ്' എന്ന പേരില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സംഘടന കോവിഡ് ആരംഭിച്ച കാലം മുതല്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ഭക്ഷ്യ കിറ്റ് വിതരണം, മെഡിക്കല്‍ കിറ്റ് വിതരണം തുടങ്ങിയവയെല്ലാം സുമനസുകളുടെ സഹായത്തോടെ നടപ്പാക്കുന്നു. ആംബുലന്‍സ് സര്‍വീസ് ഈ പ്രൊജക്റ്റിന്‍റെ ഭാഗമായി നടപ്പിലാക്കാനുള്ള ക്രമീകരണം ചെയ്തു വരുന്നു. പി.എസ്.എസ്.പിയുടെ എക്സിക്യൂട്ടീവ് സെക്രട്ടറിയും ഡയറക്ടറുമായ ഫാ. ജസ്റ്റിന്‍ കോലംകണ്ണി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.