ഉപവാസ പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് സിബിസിഐ

ഉപവാസ പ്രാർത്ഥനാ ദിനം പ്രഖ്യാപിച്ച് സിബിസിഐ

ന്യൂഡൽഹി: ഭാരതത്തിൽ കോവിഡ് 19 മഹാമാരിയുടെ രണ്ടാം തരംഗം അതിശക്തമായി  തുടരുന്ന സാഹചര്യത്തിൽ ഈ വരുന്ന മെയ് ഏഴിന് പ്രാർത്ഥന ദിനമായി ആചരിക്കാൻ ദേശീയ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ആഹ്വാനം ചെയ്തു.  മഹാമാരി ഒരു സുനാമി പോലെ ആഞ്ഞടിക്കുകയാണെന്ന് സിബിസിഐ പ്രസിഡന്റ് കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് അഭിപ്രായപ്പെട്ടു.

സീറോമലബാർ സഭാതലവൻ കർദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോമലങ്കര സഭാതലവൻ കർദിനാൾ ക്ലീമ്മീസ് ബാവ, സിസിബിഐ പ്രസിഡണ്ട് ആർച്ച്ബിഷപ്പ് ഫിലിപ്പ് നേരി എന്നിവരുമായി ചർച്ച നടത്തിയശേഷമാണ് മെയ് 7-ന് വെള്ളിയാഴ്ച ഉപവാസ പ്രാർത്ഥന ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. നാഷണൽ കൗൺസിൽ ഓഫ് ചർച് ഇൻ ഇന്ത്യ (എൻസിസിഐ) ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ (ഇഎഫ്ഐ) തുടങ്ങിയവരും ഉപവാസ പ്രാർത്ഥനയിൽ സഹകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ രൂപതകളെയും ഇടവകകളെയും ഉപവാസ പ്രാർത്ഥന ദിനത്തിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്. കോവിഡ് മഹാമാരിയുടെ അന്ത്യത്തിനായും  രോഗികളുടെ സൗഖ്യത്തിനായും  ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയും പ്രതിരോധ മരുന്നുകളുടെ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിക്കുവാൻ എല്ലാ വിശ്വാസികളോടും സന്യാസ സമൂഹങ്ങളോടും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. അന്നുച്ചയ്ക്ക് എല്ലാ മെത്രാന്മാരും തങ്ങളുടെ അരമനകളിലോ കത്തീഡ്രലിലോ പ്രത്യേകം പ്രാർത്ഥനകൾ സംഘടിപ്പിക്കണമെന്നും നിർദേശമുണ്ട്.