ആധുനിക മാധ്യമങ്ങളെ സ്നാനപ്പെടുത്തണം: മാർ റാഫേൽ തട്ടിൽ 

ആധുനിക മാധ്യമങ്ങളെ സ്നാനപ്പെടുത്തണം: മാർ റാഫേൽ തട്ടിൽ 

ആധുനിക മാധ്യമങ്ങളെ സ്നാനപ്പെടുത്തണം: മാർ റാഫേൽ തട്ടിൽ 

ഹൈദരാബാദ് : വരും തലമുറകൾ മാധ്യമ മേഖലയിലേക്ക് കടന്നു വന്നെങ്കിൽ മാത്രമേ ആധുനിക മാധ്യമങ്ങളെ സ്നാനപ്പെടുത്താൻ സഭയ്ക്ക് കഴിയൂ എന്ന് ഷംഷാബാദ് രൂപത ബിഷപ്പ് മാർ റാഫേൽ തട്ടിൽ. മാധ്യമങ്ങളിൽ വളർന്നുവരുന്ന സഭാ വിരോധവും സഭാ നിന്ദയും മാധ്യമങ്ങൾ സഭയ്ക്ക് എതിരായതുകൊണ്ടല്ല, മറിച്ച് ആളുകളെ സ്നാനപ്പെടുത്തി എടുക്കാൻ സഭ കാണിക്കുന്ന തീക്ഷ്ണത മാധ്യമങ്ങളെ സ്നാനപ്പെടുത്താൻ ഇനിയും കാണിക്കുന്നില്ല എന്നതു കൊണ്ടാണെന്നും എന്നും തട്ടിൽ പിതാവ് പറഞ്ഞു. രൂപതയിലെ യുവജന വിഭാഗമായ സാന്തോം യൂത്ത് മൂവ്മെൻ്റും, മതബോധന വിഭാഗവും സംയുക്തമായി നടത്തിയ, 'മാധ്യമങ്ങൾ കത്തോലിക്കാ സഭയ്ക്ക് എതിരാണോ?' എന്ന സെമിനാറിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മാധ്യമലോകത്ത്  ഇന്ന് ക്രിസ്ത്യൻ സാന്നിധ്യം വളരെ കുറഞ്ഞു പോയിരിക്കുന്നു. മാധ്യമ സാക്ഷരതയിൽ വിശ്വാസികളെ വളർത്തുന്നതിൽ സഭ പരാജയപ്പെട്ടു.  ആധുനിക സാങ്കേതിക സംവിധാനങ്ങളുമായി അപ്ഡേറ്റ് ചെയ്യുന്നതിലും പരാജയമുണ്ടായി. വളർന്നുവരുന്ന തലമുറ കാലത്തിന് അനുസരിച്ച് സഭയെ മുന്നോട്ട് നയിക്കണമെന്നും മാർ റാഫേൽ തട്ടിൽ രൂപതയിലെ യുവജനങ്ങളെ ഓർമിപ്പിച്ചു.
 
 മാധ്യമ ലോകത്തെ സഭയുടെ വെല്ലുവിളികൾ, പോരായ്മകൾ, സഭയുടെ മാധ്യമ ധർമ്മം എന്നീ വിഷയങ്ങളിൽ  കുട്ടികളുടെ  ചോദ്യങ്ങൾക്ക് ദീപിക മാനേജിങ് ഡയറക്ടർ ഫാ. റോയ് കണ്ണഞ്ചിറ  മറുപടി പറഞ്ഞു. കത്തോലിക്കാ സഭയുടെ നന്മകളും, സമൂഹത്തിന് സഭ നൽകുന്ന സംഭാവനകളും എല്ലാവരിലേക്കും എല്ലാ ദിവസവും എത്തിക്കാനുള്ള ഒരു മാധ്യമ പശ്ചാത്തലം  നിലനിർത്താൻ നമുക്ക് കഴിഞ്ഞില്ല. സഭാ നേതൃത്വവും അൽമായ സംഘടനകളും യുവജനങ്ങളും ഒരുമിച്ച് നമ്മുടെ ഇടയിൽ മാധ്യമ അവബോധം  വളർത്തിയെടുക്കണമെന്നും ഫാ. റോയ് കണ്ണഞ്ചിറ പറഞ്ഞു. 

 സാന്തോം യൂത്ത് മൂവ്മെൻ്റ്  രൂപതാ ഡയറക്ടർ  ഫാ. ജിനോ ഇഞ്ചപ്ലാക്കൽ,  രൂപതാ കാറ്റിക്കിസം ഡയറക്ടർ ഫാ. സോജി മുണ്ടുപാലം എന്നിവർ സെമിനാറിന് നേതൃത്വം നൽകി. രൂപത വികാരി ജനറാൾ മോൺ. അബ്രഹാം പാലത്തിങ്കൽ, റീജിയണൽ ഡയറക്ടർമാരായ വൈദികർ,  ആനിമേറ്റേഴ്സ്, എന്നിവരും സൺ‌ഡേ സ്കൂൾ അധ്യാപകരും ഓൺലൈൻ ആയി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തു.